+91 8848613226

sfkcapuchin@gmail.com

Blog

Fr Faustine

1926

പണ്ട് ഞങ്ങളുടെ നാട്ടിൽ ഒരു കാപ്പിപ്പൊടി അച്ചൻ ഉണ്ടായിരുന്നു….
പതിനാറാം നൂറ്റാണ്ടിൽ രൂപംകൊണ്ട കപ്പൂച്ചിൻ സഭയിലെ വൈദികർ ധരിക്കുന്നത് തവിട്ടുനിറത്തിലുള്ള (Brown) ഒരു പ്രത്യേക തരം സന്യാസ വസ്ത്രമാണ്.
ഈ വസ്ത്രത്തിന്റെ നിറത്തിന് സാധാരണയായി നാം കാണുന്ന കാപ്പിപ്പൊടിയുടെ നിറവുമായി വലിയ സാമ്യമുള്ളതിനാലാണ് കേരളത്തിലെ സാധാരണക്കാർക്കിടയിൽ അവർക്ക് ഈ പേര് ലഭിച്ചത്.
നിറം നൽകിയ ഈ വിളിപ്പേരിനേക്കാൾ ഉപരി, സാധാരണക്കാരിലൊരാളായി ജീവിക്കുന്ന അവരുടെ ലാളിത്യമാണ് ഈ പേരിനെ ജനകീയമാക്കിയത്.
അച്ചന്റെ പേര് ‘ഫോസ്റ്റിൻ‘ എന്നായിരുന്നു..
ഞാൻ ജനിക്കും മുൻപേ അച്ചൻ ഈ ലോകം വിട്ടുപോയിരുന്നു.
അതും യൗവനത്തിൽ..
ഫോസ്റ്റിൻ അച്ചൻ എഴുതിയ പാട്ടുകൾ ഒന്നും ഇന്നും മരിച്ചിട്ടില്ല.
പക്ഷെ ഓർമ്മകൾ പലതും പഴകി തുരുമ്പടിച്ചു തുടങ്ങിയിരിക്കുന്നു.
അവയ്ക്കു പിറകെ പോകാൻ ഒരു ദിവസം ഞാനും തീരുമാനിച്ചു.
അങ്ങനെ
കുമരകം ചാപ്റ്റേഴ്സ് 85
ഫാദർ ഫോസ്റ്റിൻ കപ്പൂച്ചിൻ.
വള്ളാറപ്പള്ളിയുടെ സുവനീറിൽ കുഞ്ഞുമോൻ സാർ അച്ചനെ പറ്റി എഴുതിയിട്ടുണ്ട്.
കൊല്ലം അസ്സീസി എന്ന ബൈബിൾ നാടകസംഘവും അവിടെ അച്ചൻ എഴുതിയ നാടകങ്ങളും പാട്ടുകളും ഞങ്ങളുടെ തലമുറയ്ക്ക് എത്രത്തോളം അറിവുണ്ടാകും എന്നറിയില്ല.
ഒരു കേട്ടറിവാണ്.
ഫോർട്ട് കൊച്ചിയിലെ കപ്പൂച്ചിൻ ആശ്രമത്തിൽ അദ്ദേഹം കുറേക്കാലം ഉണ്ടായിരുന്നത്രെ.
അക്കാലത്തു കാട്ടാശ്ശേരി അഗസ്റ്റിൻ ഭാഗവതരുമായും അദ്ദേഹത്തിന്റെ മകൻ യേശുദാസുമായും സൗഹൃദം ഉണ്ടായിരുന്നുവത്രെ.
ഫോർട്ട് കൊച്ചിയിലെ കപ്പൂച്ചിൻ ആശ്രമത്തിൽ അന്വേഷിച്ചാൽ ചിലപ്പോൾ അച്ചനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞേക്കും.
80 വയസ്സുള്ള ആന്റണി തൊമ്മൻ എന്ന ഒരു സഹപാഠിയുണ്ട് എനിക്കവിടെ.
ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ഗൈഡിങ് കോഴ്സ് ഞങ്ങൾ ഒരുമിച്ചാണ് ചെയ്തത്.
കൊച്ചിയെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ആശ്രയിക്കാൻ പറ്റുന്ന ഒരാൾ എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ വിളിച്ചു.
എനിക്ക് വേണ്ടി ആ എൺപത് വയസ്സുകാരൻ ആശ്രമത്തിൽ പോയി എങ്കിലും പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായില്ല.
ഓൺലൈനിൽ നിന്ന് ഞാൻ കൊല്ലം അസ്സീസിയുടെ ഒരു നമ്പർ കണ്ടെടുത്തു.
വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചു.
ഉത്തരം തന്നത് ഒരു കപ്പൂച്ചിൻ അച്ചനാണ്.
ഫാദർ ജോ ഫെലിക്സ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
അദ്ദേഹം എനിക്ക് ഒരു ഫോൺ നമ്പർ തന്നു.
കുമരകംകാരനായ സിറിൽ ജോണിന്റെ നമ്പർ.
സിറിൽ എന്റെ ബാല്യകാല സുഹൃത്തും അയൽവാസിയുമാണ്.
വാച്ചാച്ചിറയിൽ എന്നാണ് സിറിലിന്റെ വീട്ടുപേര്.
അതുതന്നെയാണ് ഫോസ്റ്റിൻ അച്ചന്റെയും വീട്ടുപേര്.
എന്റെയും സിറിലിന്റെയും ആദ്യ വിദ്യാലയം വള്ളാറപ്പള്ളിയുടെ പിന്നിലെ നഴ്സറി സ്കൂൾ ആയിരുന്നു.
ഫോസ്റ്റിൻ അച്ചൻ വള്ളാറപ്പള്ളി ഇടവകയായിരുന്നു.
സിറിലിന്റെ വല്യപ്പച്ചന്റെ ചേട്ടന്റെ മകനായിരുന്നു ഫോസ്റ്റിൻ അച്ചൻ.
100 വർഷങ്ങൾക്ക് മുൻപ്
കോട്ടയം അതിരൂപതയിലെ കുമരകം വള്ളാറപുത്തൻപള്ളി ഇടവകയിൽ വാച്ചാച്ചിറയിൽ ജോസഫ് – മറിയാമ്മ ദമ്പതികളുടെ ഒൻപത് മക്കളിൽ രണ്ടാമനായി 1926 ഏപ്രിൽ 5-ന് അദ്ദേഹം ജനിച്ചു.
കുട്ടിക്കാലത്തെ പേര് ‘ചാക്കോച്ചൻ’ എന്നായിരുന്നു.
ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കപ്പൂച്ചിൻ സന്യാസസഭയിൽ ചേർന്നു. ‘ഫോസ്റ്റിൻ’ എന്ന പേരിൽ 1954 മാർച്ച് 25-ന് കോട്ടഗിരിയിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ ലഘുനാടകങ്ങൾ എഴുതിയിരുന്ന അദ്ദേഹം വൈദികനായ ശേഷം ഏകാങ്കനാടകം, സാമൂഹ്യനാടകം, ചരിത്രസംഗീത നാടകം, ബാലസാഹിത്യം എന്നിവയിൽ തന്റെ രചനാവൈഭവം കാട്ടിത്തുടങ്ങി.
നാടകം എന്ന കലാരൂപം അന്യമായിരുന്ന ക്രൈസ്തവ ദേവാലയങ്ങളിലേക്ക് ക്രൈസ്തവ പ്രമേയങ്ങളോട് കൂടിയ നാടകങ്ങളുടെ കടന്നുവരവ് കേരളത്തിന്റെ കലാചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ്.
അതിനു തുടക്കമിട്ടത് കൊല്ലം അസ്സീസി എന്ന കലാസമിതിയും.
ജനപ്രിയമായി മാറിയ 15 നാടകങ്ങൾ.
അവ എഴുതിയത് ഫാദർ ഫോസ്റ്റിൻ എന്ന കുമരകംകാരൻ.
നാടകങ്ങൾക്കൊപ്പം അതിമനോഹരമായ ഗാനങ്ങളും അച്ചൻ രചിച്ചു.
അച്ചനെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നതും അച്ചൻ എഴുതിയ ഒരു പാട്ട് കേൾക്കുന്നതും 20 വർഷം മുൻപാണ്.
കുമരകത്തിന്റെ പ്രിയ സംഗീതകാരനായ ശ്രീ കുമരകം രാജപ്പന്റെ അനുസ്മരണദിനത്തിൽ.
അന്ന് കുമരകം രാജപ്പന്റെ പത്നിയായ ലളിത രാജപ്പൻ ഒരു പാട്ട് പാടി.
“കനിവിൻ കടലേ കന്യാകുമാരാ
കരയുന്നോർക്കാശാ ദീപം കൊളുത്തിയ കരുണതൻ മണിവിളക്കേ”
അത് ഫോസ്റ്റിനച്ചന്റെ വരികളായിരുന്നു.
യൂട്യൂബിൽ ഈ ഗാനം യേശുദാസിന്റെയും ജയചന്ദ്രന്റെയും ശബ്ദത്തിൽ കേൾക്കാം.
‘മയങ്ങലെ മനുഷ്യാ നീ മണ്ണിന്റെ മായകളിൽ‘
നിരവധി പേർ ഓർക്കുന്ന ഗാനം…
അതും ഗാന ഗാനഗന്ധർവന്റെ ശബ്ദത്തിൽ.
കൊല്ലം അസ്സീസിയുടെ പാട്ടുകളിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ്.
“വാനിലെ വാരോളി താരകളത്രെയും വാരി വിതറിയ ദൈവപുത്രൻ”
ഇന്നും നിരവധിപേർ ഈ പാട്ട് പാടാറുണ്ട്.
സത്യത്തിൽ അത് കുമരകത്തിന്റെ സ്വന്തം പാട്ടാണ് എന്ന് പറയാം.
കാരണം പാട്ട് എഴുതിയത് ഫോസ്റ്റിൻ അച്ചനും സംഗീതം നൽകിയത് കുമരകം രാജപ്പനും ആയിരുന്നു. ആലപിച്ചത് ഗാനഗന്ധർവൻ യേശുദാസും.
കെ. രാജപ്പന് ‘കുമരകം രാജപ്പൻ’ എന്ന് നാമം നൽകിയതും നാടക സംഗീതരംഗത്തേക്ക് കൈപിടിച്ചു കയറ്റിയതും ഫോസ്റ്റിനച്ചൻ തന്നെ.
ഫാ. ഫോസ്റ്റിൻ കപ്പൂച്ചിൻ യഥാർത്ഥത്തിൽ “ഫോസ്റ്റിൻ കുമരകം” എന്ന പേരിലാണ് സഭയുടെ രേഖകളിൽ അറിയപ്പെടുന്നത്.
ഒരുപക്ഷെ പേരിനൊപ്പം കുമരകം എന്ന് ആദ്യമായി ചേർത്ത കലാകാരൻ അച്ചനായിരിക്കാം.
കൊല്ലം അസ്സീസി എന്ന കലാസമിതിയെ ജനകീയമാക്കിത്തീർത്ത ബഹുമുഖ പ്രതിഭ.
ജലത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ഗ്രാമത്തിൽനിന്നും എണ്ണമറ്റ ജലാശയങ്ങൾ താണ്ടി നാടകം എന്ന ജനകീയ കലാരൂപത്തിന്റെ വളർച്ചയുടെ പാതയിൽ വഴിവിളക്കായി മാറി ആ കുമരകംകാരൻ.
കേരളത്തിലെ ക്രൈസ്തവ ഭക്തിഗാന ശാഖയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ചുകൊണ്ട്, അക്കാലത്തെ പ്രശസ്ത ഗായകരെ അണിനിരത്തി ഭക്തിഗാനങ്ങളുടെ റെക്കോർഡിങ്ങിന് ഔദ്യോഗികമായി തുടക്കം കുറിച്ചത് അച്ചനാണ്.
കുമരകത്തെ സ്വന്തം വള്ളാറപ്പള്ളി മുറ്റത്ത് തന്റെ നാടകങ്ങൾ അരങ്ങിൽ അവതരിപ്പിക്കപ്പെടുമ്പോൾ അത് അച്ചനും നാടിനും അഭിമാനനിമിഷമായിരുന്നു.
അസ്സീസിക്കുവേണ്ടി അച്ചൻ എഴുതിയ
നാടകങ്ങൾ ഒന്നും ഞാൻ കണ്ടിട്ടില്ലയെങ്കിലും അച്ചന്റെ പ്രിയപ്പെട്ട പാട്ടുകൾ കാവ്യഭംഗികൊണ്ടും സംഗീതംകൊണ്ടും മനസ്സിൽ പതിഞ്ഞുപോയിരിക്കുന്നു.
അവ മരിക്കുവോളം മറവിയിലേക്ക് പോകില്ല.
അച്ചൻ യാത്ര ചെയ്ത വഴികൾ, കണ്ടുതീർത്ത മനുഷ്യർ, കേട്ട കഥകൾ…
ഒരു നൂറ്റാണ്ടിനപ്പുറം ഇന്ന് നമുക്ക് അപരിചിതമായ എത്രയോ ജീവിതാനുഭവങ്ങൾ!
എന്നിട്ടും,
കാലത്തിന്റെ വൻമതിലുകൾക്കപ്പുറം നമ്മുടെ ഓർമ്മകളിൽ അച്ചൻ ഇന്നും ഒരു ചെറുപ്പക്കാരനാണ്.
തന്റെ സ്വപ്നങ്ങളും പ്രതിഭയും കനലായി എരിഞ്ഞുനിൽക്കുന്ന യൗവനത്തിൽത്തന്നെ, ഈ ലോകത്തിന്റെ അരങ്ങൊഴിഞ്ഞുപോയ ഒരു ‘ന്യൂജെൻ’ അച്ചൻ.
ദൈവം നൽകിയ ആയുസ്സിന്റെ പുസ്തകത്തിൽ കഷ്ടിച്ച് കുറച്ചു താളുകൾ മാത്രം ബാക്കിവെച്ച്, പാതിവഴിയിൽ ആ പേന താഴെ വെക്കുമ്പോൾ ആ മനസ്സിൽ എത്രയെത്ര നാടകങ്ങളും പാട്ടുകളുമായിരിക്കാം ബാക്കിയുണ്ടായിരുന്നത്? ആർക്കറിയാം…
അച്ചൻ വിടപറഞ്ഞിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ആ വരികളുടെ ഈണം കുമരകത്തിന്റെ കാറ്റിൽ ഇപ്പോഴും അലയടിക്കുന്നുണ്ട്.
“കനിവിൻ കടലേ കന്യാകുമാരാ…
കരയുന്നോർക്കാശാ ദീപം കൊളുത്തിയ കരുണതൻ മണിവിളക്കേ…”
ഒരുപക്ഷേ, അന്ന് ആ പാട്ടെഴുതുമ്പോൾ അച്ചൻ സ്വന്തം ആത്മാവിനെത്തന്നെയായിരിക്കാം ആ വരികളിൽ പകർത്തിവെച്ചത്.
കായൽക്കാറ്റേറ്റ് വള്ളാറപ്പള്ളിയുടെ മുറ്റത്ത് നിൽക്കുമ്പോൾ, എവിടെയോ ഇരുന്ന് ആ ‘കാപ്പിപ്പൊടി അച്ചൻ’ ഇപ്പോഴും ചിരിക്കുന്നുണ്ടെന്ന് തോന്നും.
ശരിയാണ്, ‘വാനിലെ വാരോളി താരകൾ’ പോലെ വാക്കുകൾ കൊണ്ട് ജനസഹസ്രങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഞങ്ങളുടെ സ്വന്തം ഫോസ്റ്റീനച്ചൻ…
ഞങ്ങളുടെ ഓർമ്മകളിൽ അച്ചന് ഒരൊറ്റ പ്രായമേയുള്ളൂ—ഒരിക്കലും വാടാത്ത, ഒടുങ്ങാത്ത ആ നിത്യയൗവനം!

ഉണ്ണി കാർത്തികേയൻ